Sunday, October 20, 2013

ഒരിടത്തൊരിടത്ത്....

നാട്ടില്‍ രണ്ടു മൂന്നു ദിവസത്തെ അവധിക്കു ശേഷം തിരിച്ചു പോരാന്‍ വളരെ കഷ്ടപ്പെട്ട് ഒരു തത്കാല്‍ ഒപ്പിച്ചെടുത്തു.. വൈകിട്ട്
റെയില്‍വേ സ്റ്റേഷനില്‍ കൊണ്ട് വിടാമെന്ന ഏട്ടന്റെ ഓഫര്‍ സ്നേഹപൂര്‍വ്വം നിരസിച്ചു.... ഏട്ടന്‍ കുറച്ചധികം ദിവസമായി വാതം,
പിത്തം, കഫം എന്നിത്യാദികളുടെ കോപത്തിന് വിധേയനായി അലോപതി, ആയുര്‍വേദ മരുന്നുകളുടെ സംരക്ഷണയിലാണ്..
പോരാഞ്ഞ് അടുത്തിടയായി നടുവ് വേദനയും.. എന്നാലും ആ നല്ല മനസ്സ് എല്ലാവരെയും സഹായിക്കാന്‍ എപ്പോഴും തയ്യാറാണ്..
അത് ദുരുപയോഗം ചെയ്യാതിരിക്കേണ്ടത് ഒരു നല്ല അളിയന്‍റെ കടമ..
 
എന്നാല്‍ പിന്നെ ടാക്സി വിളിക്കാമെന്നായി അകത്തുള്ളവരുടെ അഭിപ്രായം.. കണ്ണപുരം എന്ന ചെറു ഗ്രാമത്തില്‍ നിന്നും കണ്ണൂര്‍ വരെ എത്തണമെങ്കില്‍ നല്ലൊരു സംഖ്യ ചിലവാകും.. മദ്രാസില്‍ ചെന്നാല്‍ ആ കാശിനു പത്തു കിലോ അരി വാങ്ങാമെന്നു സാരം.. മാത്രമല്ല നഗരത്തിലെ തിരക്ക് വച്ച് നോക്കുമ്പോള്‍ കാറിനെക്കാള്‍ ഭേദം നടക്കുന്നതാണ്.അങ്ങനൊരു ചിന്താസരണിയില്‍ അതും യവനികക്ക് പിന്നിലേക്ക്‌ മറഞ്ഞു..
 
എന്നാല്‍ പിന്നെ അവസാനത്തെ പോംവഴി ലക്ഷ്മണന്റെ ഓട്ടോറിക്ഷയാണ്..... ഓട്ടോ എന്ന് പറഞ്ഞാലും
സാമാന്യം വലിയ ഒരു വണ്ടിയാണ് അത്...അത്യാവശ്യം ഒരു കുടുംബതിനൊക്കെ യാത്ര ചെയ്യാം.. രണ്ടു വശവും തുറസ്സായതിനാല്‍  ‍എയര്‍ കണ്ടീഷനിങ്ങും  മോശമില്ല.. നഗരത്തിലെ ഊടുവഴികളൊക്കെ അയാള്‍ക്ക് പരിചയുവുമാണ്.. എങ്ങനെയും തീവണ്ടി പുറപ്പെടും മുന്‍പ് പ്ലാട്ഫോര്‍മില്‍ നമ്മളെ എത്തിച്ചിരിക്കും.. ചിലവും കുറവ്..

ഈ ലക്ഷ്മണന്‍ എന്നൊക്കെ പറയുമ്പോള്‍ നകുലന്‍, സഹദേവന്‍ എന്നൊക്കെ പോലെ ഒരു പാവം മനുഷ്യന്റെ ചിത്രമാണ് തെളിയുക..എന്നാല്‍ ലക്ഷ്മണന്‍ അത്ര പാവമല്ല... നകുലന്‍, സഹദേവന്‍ എന്നവരൊക്കെയും പാവമാകണം എന്നില്ലല്ലോ.. എന്നാല്‍ ലക്ഷ്മണന്‍ ഒരു പച്ച മനുഷ്യനാണ്... എല്ലാം എല്ലാവരോടും തുറന്നു പറയുന്ന സ്വഭാവം.. രഹസ്യങ്ങള്‍ ഒളിച്ചു വക്കാനറിയില്ല..തീവണ്ടി ആപ്പീസിലെത്തും വരെ നിര്‍ത്താതെ സംസാരിക്കും..അതില്‍ നാട്ടു വിശേഷങ്ങള്‍ ഉണ്ടാകും, രാജ്യാന്തര സംഭവങ്ങള്‍ ഉണ്ടായേക്കാം.. പലപ്പോഴും നാട്ടിലുണ്ടാകുന്ന ചെറിയ ചെറിയ രഹസ്യ സംഭവങ്ങളും ഉണ്ടായേക്കാം.. അങ്ങനെ ആകെ ഒരു രസച്ചരടിന്‍റെ അറ്റത്ത് അങ്ങ് വരെ ഒരു യാത്ര ..

എന്നാല്‍ കണ്ണൂര്‍ വരെ ഞാനും വരാമെന്നായി അച്ഛന്‍.. അച്ഛന് ലക്ഷ്മണന്റെ വണ്ടിയില്‍ യാത്ര ചെയ്യാന്‍ താല്‍പര്യമാണ്.. അച്ഛനും ഒരു സംസാരപ്രിയനാണ് .. നമ്മുടെ വാമഭാഗവും , മറ്റുള്ളവരും പൊതുവേ സംസാര വിരോധികള്‍, അഥവാ കൂടി പോയാല്‍ സാമ്പാറില്‍ ഇടണ്ട കഷണങ്ങളെ കുറിച്ചും , അരിയുടെ വേവിനെ കുറിച്ചുമൊക്കെ മാത്രം ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ആയതിനാല്‍ സംസാരിക്കാന്‍ ഒരാളെ കിട്ടുന്നത് അച്ഛന് വലിയ കാര്യമാണ്.. അച്ഛനും ലക്ഷ്മണനും ഒരുമിച്ചു ചേര്‍ന്നാല്‍ ഉണ്ടാകുന്ന ഇരട്ടി മധുരം ഓര്‍ത്തു ഞാനും റാന്‍ മൂളി..

യാത്രയുടെ തുടക്കം മുതലേ തന്നെ സംസാരിക്കാന്‍ നിറയെ ബിഷ്യങ്ങള്‍ ഉണ്ടായിരുന്നു  ലക്ഷ്മണന്... മേലെ തൊടിയിലെ ഗോവിന്ദന്‍ നായരും പെട്ടി കട നടത്തുന്ന ശിവനും തമ്മിലുള്ള വഴിത്തര്‍ക്കം... "ഓന്‍ പീട്യ വെച്ചിരക്കണേന്‍റെ ഓരത്ത് കൂടെ ബേണം ഗോയിന്തേട്ടന് വീട്ടിലേക്കു പുവ്വാന്‍...മോന്ത്യായാല്‍   ഓന്റെ പീട്യെടെ മുന്‍പില് നാലഞ്ചു പേരുണ്ടാകും, കള്ളും മോന്തി , ചീത്തേം പറഞ്ഞ്... ഗോയിന്തേട്ടന്‍ എത്ര പറഞ്ഞാലും ‍ ഓന്‍ നിര്‍ത്തില്ല..ഇന്നലെ പിന്നെ വഴക്കായി, ബഹളായി.. ങ്ങള് പറയിന്‍ ന്‍റെ ഗോയിന്ദന്‍ മാഷേ , ആരക്കായാലും ഒരുമ്പാട് വരൂല്ലേ  "

ലക്ഷ്മണനും അച്ഛനും സംസാരിച്ചു കൊണ്ടേയിരുന്നു കുറെ ദൂരം.. രസച്ചരട് ഒന്ന് പൊട്ടിയത് മാട്ടൂല്‍ റോഡിലേക്ക്‌ തിരിയാന്‍ ഓട്ടോ ഒന്ന് നിര്‍ത്തിയപ്പോ ഴാണ്... വണ്ടി റോഡ്‌ മുറിച്ചു കടക്കാന്‍ നില്‍ക്കുന്നതിനിടയിലാണ് രണ്ടു സ്ത്രീകള്‍ ഓട്ടോയുടെ അടുത്ത് കൂടി കടന്നു പോയത്..  കൂട്ടത്തില്‍ മൂത്ത സ്ത്രീക്ക് ഒരു നാല്പതു വയസ്സ് കാണും.. വെളുത്തു ഒത്ത വണ്ണവും ഉയരവും... വളരെ കുലീനവും സുന്ദരവുമായ മുഖം... ആരായാലും ആ മുഖത്തേക്ക് ഒന്ന് നോക്കി പോകും... അവരുടെ കൂടെ, മകളെ പോലെ തോന്നുന്ന ഏതാണ്ട്‌ പതിനെട്ടു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും..  അവര്‍ ഓട്ടോയിലേക്കു നോക്കി ലക്ഷ്മണനെ കണ്ടു പരിചയ ഭാവത്തില്‍ ഒന്ന്ചിരിച്ചു എന്ന് വരുത്തി..

"അതാരാ ലക്ഷ്മണാ, ഏടെയോ കണ്ട പോലെ " അച്ഛന് ഒരു സംശയം..

"അതു നമ്മടെ ഗംഗന്‍ മാഷിന്‍റെ..... സീത ടീച്ചര്‍.."

"അതെ അതെ.. ഗംഗാധരന്‍ മാഷിന്‍റെ ഭാര്യ അല്ലെ.."

"ബാര്യന്നെ . രണ്ടാമത്തേ.." ലക്ഷ്മണന്‍ ഒരു തെറ്റ് തിരുത്തും പോലെ പറഞ്ഞു..

"അതെ അതെ... കൂടെ ഉള്ളത് ..? മകളാണോ?" ..

"അതെ അതെ .. ടീച്ചറുടെ മോളാ.. പേരോര്‍മയില്ലാ.. ഓളടെ കല്യാണമായെന്നു കേട്ട്.."

"അതെയോ..? ഗംഗന്‍ മാഷിപ്പോ? "

"മാഷ്‌ റിട്ടയര്‍മെന്‍റ് ബാങ്ങി ഇപ്പൊ ഇബടെ പൊരയൊക്കെ വച്ച് കൂടിയിരിക്കന്.."

കുറച്ചു  പഴയ കഥയാണ്‌.. പോകും വഴി ലക്ഷ്മണന്‍ പറഞ്ഞു... ഗംഗാധരന്‍ മാഷ്‌ പണ്ട് ചെറുപ്പത്തിലേ അച്ഛന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി നീലെശ്വരത്തുള്ള ഒരു പ്രമാണിയുടെ ജാനകി എന്ന മകളെ വിവാഹം കഴിച്ചതിനാലും, അതില്‍ പുരുഷ കേസരികളായ രണ്ടു മക്കള്‍ ഉള്ളതിനാലും, പള്ളിക്കര എന്ന സ്ഥലത്ത്  ഭാര്യാഗ്രഹത്തില്‍ തന്നെ കഴിഞ്ഞു കൂടുന്ന കാലം.. മാഷിനു അന്ന് ഒരു അമ്പതു വയസ്സ് വരും..അടുത്തുള്ള ഗവേര്‍മെന്റ്റ്‌ യു.പി. സ്കൂളില്‍ ഹെഡ് മാസ്റ്റര്‍... തികഞ്ഞ ഭക്തന്‍.. ഭാര്യാ വിധേയന്‍.. ഒരു കണക്കിന് പള്ളിക്കര ഭഗവതിയെയും, സ്വന്തം ഭാര്യയെയും അദ്ദേഹത്തിന് ഒരു പോലെ പേടി ആയിരുന്നു എന്നാണു ജനസംസാരം... അത് കൊണ്ടൊക്കെ അമ്പലവും സ്കൂളും പിന്നെ വീടും  മാത്രം ആയി അദ്ദേഹം ജീവിതം കഴിച്ചു വന്നു...

എന്നാല്‍ മക്കള്‍ അങ്ങനെ ആയിരുന്നില്ല.. ചെറുപ്പത്തിലേ അച്ഛനായതിനാല്‍ അന്നേ മൂത്ത മകന് ഒരു പത്തിരുപത്തിനാലു വയസ്സ് വരും.. രണ്ടാമനും വരും ഒരിരുപത്‌ വയസ്സ്.. അച്ഛനെ തെല്ലും അനുസരിക്കാത്ത , ഒത്താല്‍ എതിര്‍ത്തു പറയുന്ന മക്കള്‍.. അമ്മയാണ് അവര്‍ക്ക്‌ അച്ഛന്‍ .. എന്നാല്‍ മാഷ്ക്ക് അതില്‍ ഒട്ടും വിഷമം തോന്നിയിട്ടില്ല.. അവരെയും അദ്ദേഹത്തിന് ലേശം ഭയം ഉണ്ടായിരുന്നോ എന്ന് സംശയം തോന്നിയവരുണ്ട്..

അക്കാലത്താണ് ഉപ്പള എന്ന സ്ഥലത്ത് നിന്നും സീത ടീച്ചര്‍ ട്രാന്‍സ്ഫര്‍ വാങ്ങി പള്ളിക്കര യു.പി.സ്കൂളില്‍ മലയാളം അധ്യാപികയായി എത്തുന്നത്‌..ചെറുപ്പത്തിലേ വിവാഹിതയായിരുന്നു അവരും..എന്നാല്‍ യൌവനത്തിന്‍റെ ആദ്യ നാളുകളില്‍ തന്നെ ഭര്‍ത്താവ് ഒരു പനി ബാധിച്ചു അവരെ എന്നെന്നേക്കുമായി വിട്ടു പിരിഞ്ഞു.. രണ്ടു വയസ്സുള്ള ഒരു മകളെ അവരെ ഏല്‍പ്പിച്ചിട്ടാണ് അയാള്‍ മരണമടഞ്ഞത്.. അന്ന് മുതല്‍ ടീച്ചറും മകളും ഒറ്റക്കാണ്.. ഭര്‍ത്താവിനു തുല്യനായി ഒരാളെ കണ്ടെതാതിനാലോ എന്തോ ടീച്ചര്‍ പിന്നെ വിവാഹം കഴിച്ചില്ല.. മകളെ വളര്‍ത്തുന്നതില്‍ മാത്രം ശ്രദ്ധിച്ചു അവര്‍ ജീവിതം കഴിച്ചു വന്നു..

പുതിയ സ്കൂളില്‍ ചേരുന്ന സമയത്ത് ടീച്ചര്‍ക്ക്‌ ഒരു മുപ്പത്തഞ്ചു വയസ്സ് പ്രായമുണ്ട്.. എന്നാല്‍ അതി സുന്ദരി.. കണ്ടാല്‍ ഒരഞ്ചു വയസ്സ് കുറവേ തോന്നൂ.. കുളിച്ചു കുറി തൊട്ടു മുടിയില്‍ ഒരു തുളസിക്കതിരും ചൂടി വരുന്ന ടീച്ചറെ കണ്ടാല്‍ ആരും ഒന്ന് നോക്കി നിന്ന് പോകും..

"നൊമ്മടെ ചെറുന്നു ബാഗോതി എറങ്ങി വന്ന പോലെ .." ലക്ഷ്മണന്‍റെ ഭാഷയില്‍..

ഗംഗാധരന്‍ മാഷുടെ വിഷയവും മലയാളമായതിനാല്‍ മാഷും ടീച്ചറും തമ്മില്‍ സ്കൂളില്‍ വച്ച് കൂടുതല്‍ ഇടപഴകിയിരുന്നു .. എന്നാല്‍ അതിനു ഒരു  സഹപ്രവര്‍ത്തക ബന്ധത്തിന് മേലെ ഒരു മാനമില്ലായിരുന്നു... കവിതയും കഥകളും ഇഷ്ടപ്പെട്ടിരുന്ന മാഷ്‌ മലയാളം ഒരു വിഷയമായി സഹാധ്യപികയുമായി സംസാരിച്ചതില്‍ ഒരു സുഹൃദ്‌ ബന്ധത്തിന് മേലെ ആരും കാണുമായിരുന്നില്ലാ നഗരത്തില്‍..

എന്നാല്‍ ആ ഗ്രാമത്തില്‍ അതിനു പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താന്‍ ആളുണ്ടായിരുന്നു.. "തീയുണ്ടെങ്കിലല്ലേ പുകയുണ്ടാകൂ.."എന്നീ പഴമൊഴികള്‍ നിര്‍ബാധം എടുത്തു വിളമ്പാനും..ഇതെല്ലാം ജാനകി അമ്മയുടെ ചെവിയിലെത്താന്‍ അധികം സമയം വേണ്ടി വന്നില്ല..

"ങ്ങള് പള്ളിക്കൂടത്തില്‍ പോണതെന്തിനാ.. ആടെ ആ തെയിടിശിയോട് ശ്രുങ്ങരിക്കാനാ ? നാട്ടാരെ കൊണ്ട് പറയിക്കാനെ കൊണ്ട് ഒരു ജമ്മം.. ഇനി ഇതെങ്ങാന്‍ ഞാന്‍ കേട്ടാല് .." ജാനകി അമ്മ ഭര്‍ത്താവിനോട് ഉച്ചത്തില്‍ അലറി..

"ജാന്വോ .. ഞാന് . അങ്ങനൊന്നും.." മാഷ്‌ പതറി..

"ങ്ങള് തോന പറയണ്ട.. എനക്കെല്ലാം അറിയാം..ബരണോണ്ട് ഞാനങ്ങോട്ട് ഒരീസം..പത്തമ്പത് വയസ്സായിട്ടും നാണമില്ലാത്ത ഒരു മനുഷന്‍.."

അങ്ങനെ ജാനുവമ്മ സ്കൂളിലേക്ക് വരുന്ന ദിവസവും ഭയന്ന് മാഷ്‌ കഴിച്ചു കൂട്ടി..

അങ്ങനെ ഇരിക്കെ ഒരു തുലാവര്‍ഷ ദിവസം അമ്പലത്തില്‍ നിന്നും കുടയില്ലാതെ തിരിച്ചു നടക്കാനാവാതെ വിഷണ്ണനായി നിന്ന മാഷിനെ സീത ടീച്ചര്‍ കണ്ടു മുട്ടി..

"മാഷ്ക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ വരൂ..എന്‍റെടുത്ത് കുടയുണ്ട്..ഞാന്‍ വീട്ടിലേക്കാക്കാ..."

"അത് ബേണ്ട ടീച്ചറെ..മഴ മാറട്ടെ..ഞാനിബടെ നിന്നോളാ" മാഷ്‌ ഒഴിഞ്ഞു മാറി..

"അതിപ്പളൊന്നും മാറണ്ടാവില്ലാ.. മാഷ്‌ വരൂ. ഞാനാക്കിത്തരാം.."

ടീച്ചറുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരേ കുടക്കീഴില്‍ വീട്ടിലേക്കു നടന്ന മാഷ്‌ ഒരു ഫര്‍ലോങ്ങ് താണ്ടുമ്പോള്‍ ഹൃദയഭേദകമായ ഒരു കാഴ്ച കണ്ടു..വളരെ കാലം കൂടി കുളിച്ചു തൊഴുതു ഭര്‍ത്താവിനു നല്ല ബുദ്ധി തോന്നിക്കാന്‍ പുഷ്പാഞ്ജലി കഴിക്കാന്‍ അമ്പലത്തിലേക്ക് വരുന്ന ജാനകി അമ്മ..

പിന്നെ അവിടെ നടന്നത് വിസ്തരിക്കാനുള്ള വാക്ക്‌ ചാതുര്യം ലക്ഷ്മണനും ഇല്ലായിരുന്നു..

"ങ്ങള് ഇനി ഇങ്ങോട്ടും പുവ്വണ്ടാ.. ഇബടെ വീട്ടില്‍ ഇരുന്നാ മതി.. മുടിയാനെ കൊണ്ടുണ്ടായ ജമ്മം " ജാനുവമ്മ അവസാനം ഒരു തീര്‍പ്പെന്ന മട്ടില്‍ പറഞ്ഞു..

മാഷടെ മക്കള്‍ സീത ടീച്ചറുടെ വാടക വീട്ടില്‍ പോയെന്നോ , സാധനങ്ങള്‍ എടുത്തു വലിച്ചു പുറത്തിട്ടു നാട് വിടാന്‍ പറഞ്ഞെന്നോ ഒക്കെ കേട്ടു..

അങ്ങനെ ഒടുവില്‍ രാജി വക്കാന്‍ തയ്യാറായി അവസാനമായി സ്കൂളിലെത്തിയ ഗംഗാധരന്‍ മാഷിനെ സീത ടീച്ചര്‍ സ്റ്റാഫ്‌ റൂമില്‍ വച്ച് ഒറ്റയ്ക്ക് കണ്ടു..

"മാഷോട് ഒരൂട്ടം ചോയിക്കണമെന്നുണ്ട്"

"ഇനി എന്ത് ചോയിചെട്ടെന്തിനാ ടീച്ചറെ."

"മാഷക്ക് ഇഷ്ടമാണെങ്കില്‍ എന്നെ കല്യാണം കഴിക്കുമോ.. എനക്കും എന്‍റെ മോള്‍ക്കും ഒരു ജീവിതം കൊടുക്ക്വോ ?

പ്രതീക്ഷിക്കാത്ത ആ ചോദ്യത്തിന് മുന്‍പില്‍ മാഷ്‌ പതറി..

"കുട്ടീടെ അച്ഛന്‍പോയെ പിന്നെ ഞാനാരേം കല്യാണം കഴിക്കണോന്നു വിജാരിചിട്ടില്ലാ..ല്ലാരും ഒത്തിരി നിര്‍ബന്ധിക്കേം മറ്റും ചെയ്തിട്ടും... എന്നാലിപ്പോ മാഷിനോട് അത് ചോയിക്കണോന്നു തോന്നി.. മാഷടെ അവസ്ഥ ഏതാണ്ട് എന്‍റെ പോലന്നെ... മാഷൊരു പാവാ "

പിറ്റേന്ന് നീലേശ്വരം രജിസ്ട്രാരാപ്പീസില്‍ വച്ചായിരുന്നു ചടങ്ങ്.. മാഷടെ അടുത്ത സുഹൃത്തുക്കള്‍ മാത്രമേ വന്നിരുന്നള്ളൂ.. പ്രതീക്ഷിച്ചത് പോലെ ജാനുവമ്മ വിവരമറിഞ്ഞ് പാഞ്ഞെത്തി..

"ങ്ങള് ഒടുക്കം അത് ചെയ്തല്ലേ..ഞാനിപ്പോ കീഞ്ഞു പാഞ്ഞു ബന്നില്ലെങ്കിലോ.. ങ്ങള് വേറെ കെട്ടൂല്ലാരുന്നോ.. ഞാന്‍ ങ്ങളേം കൊല്ലും , ഈ തെയിടിശീനേം.."

എന്ന് പറഞ്ഞു സീത ടീച്ചറുടെ നേരെ ജാനുവമ്മ കൈയോങ്ങിയതും ഒരത്ഭുധം അവിടെ സംഭവിച്ചു.. മാഷ്‌ ഇന്നേ വരെ ചെയ്യാന്‍ സ്വപ്നത്തില്‍ പോലും ധൈര്യം കാട്ടാത്ത ഒരു പ്രവൃത്തി.. അദ്ദേഹം  ജാനുവമ്മയുടെ കൈ കടന്നു പിടിച്ചു.. എന്നിട്ട് കരണത്തു നോക്കി മുഖമടച്ചു ഒരടി... ആ അടിയുടെ ശബ്ദം ഒരു പത്തു സെക്കന്‍ഡ്‌ മുഴങ്ങി കേട്ടു എന്ന് ദൃക്സാക്ഷികള്‍.. മര്‍ദ്ദിതന്‍റെ വിമോചനത്തിന്‍റെ കാഹളമായിരുന്നു അത്..

പിന്നെ എല്ലാം മുറ പോലെ നടന്നു.. മാഷ്‌ അയച്ച ഡിവോര്‍സ് നോട്ടീസ് ജാനുവമ്മ അന്നെക്കന്നു തന്നെ ഒപ്പിട്ടു കൊടുത്തു.. വോളണ്ടറി റിട്ടയര്‍മെന്‍റ് വാങ്ങിയ മാഷും , ചെറുകുന്നിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിയ ടീച്ചറും പള്ളിക്കര വിട്ടു തറയില്‍ വീട് വാങ്ങി.. ഇതെല്ലാം നടന്നിട്ട് ഇപ്പോള്‍ ഏതാണ്ട്‌ അഞ്ചു കൊല്ലം..

"കല്യാണത്തിന് ബിളിക്കണ്ടിരിക്കില്ലാ.." സ്റ്റേഷനില്‍ ഞാന്‍ വണ്ടി ഇറങ്ങുമ്പോള്‍ ലക്ഷ്മണന്‍ അച്ഛനോടായി പറഞ്ഞു..

"അതെയതെ.. കേമാവും ല്ലേ.." അച്ഛന്‍ സമ്മതിച്ചു..

എന്നെ തീവണ്ടി കയറ്റി വിട്ടു അച്ഛന്‍ അതെ ഓട്ടോയില്‍ മടങ്ങി.. ചൂളം വിളിച്ചു തീ തിന്നുന്ന രാക്ഷസന്‍ കണ്ണൂര്‍ വിടുമ്പോള്‍ സീത ടീച്ചറുടെ മുഖമായിരുന്നു എന്‍റെ മനസ്സില്‍.. അവരിപ്പോള്‍ മകളുടെ കല്യാണത്തിന്റെ ഒരുക്കത്തിലാവും.. അതോ ഞാനിനിയും കണ്ടിട്ടില്ലാത്ത ധീരനായ ആ അധ്യാപകന് ഊണ് വിളമ്പുന്നുണ്ടാവുമോ ? ഏതായാലും മാഷിപ്പോള്‍ ചെറുകുന്ന് ഭഗവതിയെ മാത്രം ഭയന്ന്, കവിതകളും കഥകളും യഥേഷ്ടം അയവിറക്കി ജീവിക്കുന്നുണ്ടാവും..

അസൂയ തോന്നി എനിക്ക്.. ഭാഗ്യവാന്‍..!

മാഷെ ഒന്ന് കാണണം, ഇനി കണ്ണൂരു പോകുമ്പോള്‍.. എന്തായാലും ഇപ്പോഴേക്ക് പുതപ്പിനടിയില്‍ കണ്ണുകള്‍ക്ക് കനം തൂങ്ങി തുടങ്ങിയിരിക്കുന്നു..

....................................

 

Memoirs of an early life - When the flashbacks start...

I used to think I was born in a train…. Some of the earliest memories that I have are that of the dusty sleeper compartments of the Howra...